Business
ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകരും ഊഹക്കച്ചവടകാരും തമ്മിൽ വടംവലി, 421 യെന്നിലെ വൻ മതിൽ തകർക്കാൻ ഒസാക്കയിൽ കടുത്ത മത്സരം. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഏർപ്പെടുത്തിയ അധിക നികുതി റബറിനു തിരിച്ചടിയാകുമോ? ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഉണർവ്, ഓണ വില്പന മുന്നിൽ കണ്ട് വ്യവസായികൾ ചരടുവലി തുടങ്ങി. വാങ്ങലുകാർ നിരക്ക് ഇടിച്ചതോടെ നാടൻ കുരുമുളക് ലഭ്യത കുറഞ്ഞു. ഇഞ്ചിയുടെ വിലക്കയറ്റം ചുക്കിനു വൻ വിലയ്ക്ക് അവസരം ഒരുക്കും.
റബറിൽ സെല്ലിംഗ് മൂഡ്
ഏഷ്യയിലെ മുൻനിര റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഉത്പന്ന വില സ്റ്റെഡി. സാങ്കേതികമായി റബർ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞതിനാൽ ഫണ്ടുകളും ഊഹക്കച്ചവടക്കാരും കരുതലോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. വിപണിക്ക് 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തായ്ലൻഡിലെ കാലാവസ്ഥ മാറ്റങ്ങളും വിനിമയ വിപണിയിൽ യെൻ ദുർബലമായതും ഊഹക്കച്ചവടക്കാരെ സമ്മർദത്തിലാക്കി.
ഒരു വിഭാഗം വില്പനകൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു കൂട്ടർ വാങ്ങൽ വിറ്റുമാറാനും അണിയറ നീക്കം നടത്തി. റബർ കിലോ 413 യെന്നിൽനിന്നും 421 യെന്നിലേക്ക് ഉയർന്ന ശേഷം 417- 419 റേഞ്ചിലാണ്. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 422ലെ പ്രതിരോധം തകർത്താൽ 433-438 യെൻ വരെ മുന്നേറാം. വില്പന സമ്മർദമുണ്ടായാൽ 400-396ലേക്ക് ആദ്യ പരീക്ഷണത്തിന് ഇടയുണ്ട്. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അധിക നികുതി പ്രഖ്യാപിച്ചത് ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറയ്ക്കാം.
തിരിച്ചടിയായി ആന്റിഡമ്പിംഗ് തീരുവ
ചൈനയിൽ നിന്നുള്ള കാർ, ട്രക്ക് ടയറുകൾക്കു നാല് മുതൽ 45 ശതമാനം വരെ ആന്റിഡമ്പിംഗ് തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ തീരുമാനം റബർ വിപണിയെ ബാധിക്കും. ഇതിന്റെ ആഘാതത്തിൽനിന്നും രക്ഷനേടാൻ ബെയ്ജിംഗിലെ ടയർ വ്യവസായികൾക്ക് അല്പ സമയം വേണ്ടിവരും.
ഇന്ത്യയിൽ ഷീറ്റ് ക്ഷാമം
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ ശക്തമാകുന്നു. ബാങ്കോക്കിൽ കിലോ 271 രൂപയിൽനിന്നും വാരാന്ത്യം 287 രൂപയായി. എന്നാൽ, തൊട്ട് മുൻവാരത്തിലെ 288 രൂപ മറികടക്കാനായില്ല. ഇന്ത്യൻ ടയർ വ്യവസായികൾ റബറിനെ തളർത്താൻ ശ്രമിച്ചെങ്കിലും വിപണിയിലെ കടുത്ത ഷീറ്റ് ക്ഷാമം ടയർ ലോബിക്ക് തിരിച്ചടിയായി. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 270 രൂപയിൽനിന്നും വാരാന്ത്യം 280 രൂപ വരെ വാങ്ങലുകാർ ഉയർത്തി, അഞ്ചാം ഗ്രേഡ് 266ൽനിന്നും 276 രൂപയായി. ഒട്ടുപാലിന് ഏഴ് രൂപ കയറി 180 രൂപയിലും ലാറ്റക്സ് 165ൽനിന്ന് 172 രൂപയുമായി.
മഴ വകവയ്ക്കാതെ ചെറുകിട കർഷകർ പുലർച്ചെ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും വലിയ പങ്ക് കർഷകരും ഷീറ്റിനു താത്പര്യം കാണിക്കാതെ ലാറ്റക്സ് വില്പന നടത്തി. ഷീറ്റാക്കി മാറ്റാനുള്ള കാലതമാസത്തിനിടയിൽ വിലയിൽ കുറവ് സംഭവിക്കുമോയെന്ന ഭീതിയിലാണു പലരും, അവരെ കുറ്റം പറയാനാവില്ല, അനുഭവമല്ലേ ഗുരു.
പ്രതാപം തിരിച്ചുപിടിക്കാൻ വെളിച്ചെണ്ണ
ഒരു മാസത്തെ നിർജീവാവസ്ഥയ്ക്ക് ശേഷം വെളിച്ചെണ്ണ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ. കൊച്ചിയിൽ വെളിച്ചെണ്ണ വില 22,200 രൂപയിൽ നിന്ന് 22,500 രൂപയായി. കൊപ്രയ്ക്ക് 600 രൂപ വർധിച്ച് ശനിയാഴ്ച്ച 13,700 രൂപയിലെത്തി. തമിഴ്നാട് ലോബി ഓണം അടുക്കുന്നത് മുന്നിൽക്കണ്ട് ചരടുവലികൾ ആരംഭിച്ചു. വാരത്തിന്റെ തുടക്കത്തിൽ എണ്ണ 19,850 രൂപയിലായിരുന്നെങ്കിലും പിന്നീട് നിരക്ക് 21,175 വരെ ഉയർത്തി. എന്നാൽ, അമിത വിലക്കയറ്റത്തിനിടയിൽ കേരളത്തിൽനിന്നും എണ്ണയ്ക്ക് ആവശ്യക്കാരില്ലെന്നു വ്യക്തമായതോടെ അവർ നിരക്ക് 20,850ലേക്ക് താഴ്ത്തി.
കർക്കടകത്തിൽ വിപണിയെ 23,000നു മുകളിലെത്തിക്കാനായാൽ ചിങ്ങത്തിൽ 25,000 കടത്തിവിടാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിപണിയെ അമ്മാനമാടുന്നവർ മറന്ന മറ്റ് ഒരു കാര്യമുണ്ട്, വിപണിയിൽ പാചകയെണ്ണ പലതുണ്ട്, ഉപഭോക്താക്കൾ വില കുറഞ്ഞ വിദേശ ചരക്കിലേക്ക് തിരിഞ്ഞാൽ നിലവിലുള്ള സ്വാധീനം പോലും വെളിച്ചെണ്ണയ്ക്ക് നഷ്ടപ്പെടുമെന്ന സത്യം. അത് ഫലത്തിൽ നാളികേര കർഷകർക്കാവും തിരിച്ചടിയാവുക. കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികൾ അവരുടെ താത്പര്യങ്ങൾക്ക് മാത്രമാണു മുൻതൂക്കം നൽക്കുന്നത്. അവിടെ കൊപ്ര വില 13,800 രൂപ. എണ്ണ വില ഉയർത്തുമ്പോൾ പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില നൽക്കാൻ വ്യവസായികൾ പലപ്പോഴും തയാറാകുന്നില്ല.
നിരക്ക് ഉയരാതെ കുരുമുളക്
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളകിനായുള്ള ഓട്ടം തുടരുന്നു. വിദേശ ചരക്ക് ലഭ്യമെങ്കിലും മലബാർ മുളക് ശേഖരിക്കുക ക്ലേശകരമായി. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെ സ്റ്റോക്കിസ്റ്റുകളും തോട്ടങ്ങളും ചരക്ക് നീക്കം നിയന്ത്രിക്കുന്നത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും നിരക്ക് ഉയർത്താൻ അവർ തയാറായില്ല. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിലും ഗാർബിൾഡ് 72,600 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 5900 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഇഞ്ചിക്ക് വിലക്കയറ്റം; ക്ഷാമം
ചുക്ക് കുതിച്ചു കയറിയ ശേഷം അല്പം കിതച്ചു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില കിലോ 260 രൂപയിലേക്ക് കയറിയതു വിപണിയെ പെടുന്നനെ പിടിച്ചുലച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പല ഭാഗങ്ങളിലും ഇഞ്ചി കൃഷിക്ക് നേരിട്ട തിരിച്ചടി ചരക്ക് ക്ഷാമം ഉളവാക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ചുക്ക് വില വീണ്ടും ഉയരാൻ സാധ്യത. എന്നാൽ, പരമാവധി വില കുറച്ച് ലഭ്യമായ ചുക്ക് കൈക്കലാക്കാൻ കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും ശ്രമിക്കുന്നുണ്ട്. ഇഞ്ചി ക്ഷാമം കണക്കിലെടുത്താൽ ശൈത്യകാലത്ത് ചുക്ക് വില കത്തിക്കയറുമെന്ന് കയറ്റുമതി ലോബി കണക്ക് കൂട്ടുന്നു. ലഭ്യമായ ഉത്പന്നം അത്രയും ശേഖരിച്ച ശേഷം വില ഉയർത്താമെന്ന മോഹത്തിലാണവർ. കൊച്ചിയിൽ മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്.
Business
പ്രതികൂല വാർത്തകൾ വിപണിയെ പിടിച്ചുലച്ചതിനാൽ തുടർച്ചയായ അഞ്ചാം വാരം കരുത്ത് നിലനിർത്താനുള്ള സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ശ്രമം വിജയിച്ചില്ല.
യുഎസ്‐ ഇറാൻ സംഘർഷം മൂർച്ഛിക്കുമെന്ന ഭീതിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കാം. ബോംബെ സെൻസെക്സ് 195 പോയിന്റും നിഫ്റ്റി 64 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
നിലവിലെ സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപങ്ങൾക്ക് ഒരു വിഭാഗം അവസരമാക്കുന്നു. ജൂണിലെ താഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നിഫ്റ്റി കാഴ്ചവച്ചെങ്കിലും ജനുവരിയിലെ 26,373 റിക്കാർഡിൽനിന്ന് ഇപ്പോഴും എട്ട് ശതമാനം തളർച്ചയിലാണ്. ജൂണിലെ 23,600ൽനിന്ന് ഏകദേശം അഞ്ച് ശതമാനം കയറി.അതേസമയം, ഏപ്രിലിലെ തകർച്ചയായ 22,182ൽനിന്നുള്ള തിരിച്ചുവരവ് ശക്തമെങ്കിലും നടപ്പ് വർഷത്തെ മൊത്തം പ്രകടനം വിലയിരുത്തിയാൽ തിളക്കം കുറവാണ്.
കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ, വിദേശ ഫണ്ടുകളുടെ നിക്ഷേപ മനോഭാവവും പശ്ചിമേഷ്യയിലെ സ്ഥിതിയും വരും ദിവസങ്ങളിൽ വ്യക്തമായ ദിശ നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാം.
യുഎഇയിലും ഖത്തറിലും ഉയർന്ന വെടിയൊച്ച ഇന്ന് ഏഷ്യൻ മാർക്കറ്റുകളെ ഓപ്പണിംഗ് വേളയിൽ സമ്മർദത്തിലാക്കാം. ഇന്ത്യൻ കപ്പലിനു നേരേയും ഞായറാഴ്ച ആക്രമണമുണ്ടായത് ക്രൂഡ് ഓയിൽ വിലയിലും രൂപയിൽ പിരിമുറുക്കം സൃഷ്ടിക്കാം. ഇറാൻ നാവിക സേന ഹോർമൂസ് പൂർണമായി അടച്ചത് ഏഷ്യൻ രാജ്യങ്ങളെ പ്രതിസന്ധിലാക്കാം.
ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിൽ നിന്നും മുൻവാരം സൂചന നൽകിയ 80 ഡോളറിലേക്ക് കയറിയ ശേഷം വാരാന്ത്യം 76 ഡോളറിലാണ്. പുതിയ സംഭവ വികാസങ്ങൾ കണക്കിലെടുത്തൽ നിരക്ക് 86 ഡോളർ വരെ കയറാം. മധ്യപൂർവേഷ്യയിലെ സമാധന അന്തരീക്ഷം മാറിയതോടെ വിപണിയുടെ സാങ്കേതിക വശങ്ങളിലും മാറ്റമുണ്ടായി. ആ നിലയ്ക്ക് 96-100 ഡോളർ അകലെയല്ല.
വിദേശ ഓപ്പറേറ്റർമാർ വാങ്ങൽ പക്ഷത്ത് തിരിച്ചെത്തിയത് പ്രാദേശിക ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിദേശ ഫണ്ടുകൾ 532.86 കോടി രൂപയുടെ ഓഹരി വില്പനയും 5202.74 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 383.43 കോടി രൂപയുടെ വില്പനയും 8659.05 കോടി രൂപയുടെ വാങ്ങലിനും തയാറായി.
വിദേശ ഫണ്ടുകളുടെ സാന്നിധ്യം വിപണിക്ക് അനുകൂല ഘടകമെങ്കിലും കോർപറേറ്റ് മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്ന സന്ദർഭമായതിനാൽ ഇടപാടുകാർ കൂടുതൽ ജാഗ്രത പാലിക്കുന്നത് അഭികാമ്യം. രൂപയുടെ മൂല്യം 95.20ൽനിന്നും 94.94ലേക്ക് ശക്തിപ്രാപിച്ചെങ്കിലും പിന്നീട് 95.61 ദുർബലമായി, ക്ലോസിംഗിൽ നിരക്ക് 95.37ലാണ്.
നിഫ്റ്റിയിലെ ബുള്ളിഷ് മനോഭാവം ആഭ്യന്തര - വിദേശ ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ ആകർഷിച്ചു. 24,270 പോയിന്റിൽനിന്നും 24,527 വരെ ഉയർന്ന വേളയിലെ വില്പന സമ്മർദം സൂചികയെ പിന്നീട് 23,819ലേക്ക് തളർത്തി. കഴിഞ്ഞ രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 23,816ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തിയത് ഫണ്ടുകളെ ആകർഷിച്ചു. വ്യാപാരാന്ത്യം നിഫ്റ്റി 24,206ലാണ്. ഈ വാരം താങ്ങ് 23,841 – 23,476 പോയിന്റിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 24,549ലേക്ക് ഉയർത്താനാകും. പുതിയ ബയർമാരെത്തിയാൽ 24,892നെ ഉറ്റുനോക്കാം.
ജൂലൈ സീരീസ് 24,353ൽനിന്നും 24,242ലേക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 171 ലക്ഷം കരാറുകളിൽ നിന്നും രണ്ട് ശതമാനം കുറഞ്ഞ് 168 ലക്ഷമായി. ലോംഗ് കവറിംഗായി ഇതിനെ വിലയിരുത്താമെങ്കിലും വിപണി ബുള്ളിഷ് മൂഡിൽ തന്നെയാണ്.
സെൻസെക്സ് 77,764 പോയിന്റിൽ നിന്നും 78,660ലേക്ക് ഉയർന്ന ശേഷം 76,259ലേക്ക് താഴ്ന്നെങ്കിലും ക്ലോസിംഗിൽ 77,569 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായതിനാൽ 78,733 – 79,897 ലെ പ്രതിരോധ മേഖലയിലേക്ക് സഞ്ചരിക്കാം. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയാൽ 76,332 – 75,095ൽ സപ്പോർട്ടുണ്ട്.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4174 ഡോളറിൽ നിന്നും 4024ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 4120 ഡോളറിലാണ്. റിക്കാർഡായ 5424 ഡോളറിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ വില ഇതിനകം ഔൺസിന് 1304 ഡോളർ ഇടിഞ്ഞു. വിപണിയുടെ ചരിത്രത്തിൽ ആദ്യമാണ് റിക്കാർഡ് തലത്തിൽ നിന്നും വില ഇത്ര അധികം ഇടിയുന്നത്.
Business
തിരുവനന്തപുരം: സംസ്ഥാനത്തെ സോളാര്‍ പ്രൊസ്യൂമേഴ്സിനെ വെട്ടിലാക്കി സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍നിന്ന് 25 വര്‍ഷത്തേക്കു കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭ്യമാക്കാനുള്ള കരാര്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയേക്കും.
പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമായാണ് കെഎസ്ഇബി കരാറിനെ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, കെഎസ്ഇബിയെ വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കി പുരപ്പുറ സോളാര്‍ സ്ഥാപിച്ച ഗാര്‍ഹിക ഉപയോക്താക്കള്ക്കിത് തിരിച്ചടിയാകുമെന്ന ആരോപണവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി കൃത്യമായ സ്റ്റോറേജ് സംവിധാനം ഉള്‍പ്പടെ ഏര്‍പ്പെടുത്തി പീക്ക് സമയത്ത് ഗ്രിഡില്‍ എത്തിക്കുന്നതിനു പകരം, പുതിയ കരാറുമായി മുന്നോട്ടു നീങ്ങുന്നത് ശരിയല്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഉത്പാദകരില്‍ ഒരു വിഭാഗം രംഗത്തെത്തിയത്. സോളാര്‍ എനര്‍ജി കോര്‍പറേഷനില്‍ (സെകി) നിന്ന് 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ 200 മെഗാവാട്ട് പുനരുപയോഗ ഊര്‍ജം ലഭിക്കുന്ന കരാറിനാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ അനുമതി ദിവസങ്ങള്‍ക്കു മുന്‍പ് തേടിയത്.
കരാര്‍ പ്രകാരം യൂണിറ്റിന് 2.93 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 100 മെഗാവാട്ട് ശേഷിയും 400 മെഗാവാട്ട് അവര്‍ സംഭരണ ശേഷിയുമുള്ള ഊര്‍ജ സംഭരണ സംവിധാനവും (ഇഎസ്എസ്) ഉണ്ടാകും. സൗരോര്‍ജ നിലയങ്ങളില്‍നിന്നു പകല്‍ ലഭിക്കുന്ന വൈദ്യുതി വൈകുന്നേരം ആറു മുതല്‍ അര്‍ധരാത്രി വരെയുള്ള ഏറ്റവും ആവശ്യകത കൂടിയ സമയത്ത് സംസ്ഥാനത്തിന് ഉപയോഗിക്കാനാകുമെന്നാണ് കരാറിന് അനുമതി തേടിയുള്ള അപേക്ഷയില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്.
‘വെല്‍സ്പണ്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയില്‍നിന്ന് സോളാര്‍ എനര്‍ജി കോര്പറേഷന് 2.86 രൂപയ്ക്കു വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴു പൈസയുടെ ട്രേഡിംഗ് മാര്‍ജിന്‍ കൂടി ചേര്‍ത്താണ് കെഎസ്ഇബിക്ക് 2.93 രൂപയ്ക്കു നല്‍കുക. പീക്ക് സമയത്ത് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിതെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യമായ വൈദ്യുതി നല്കാതിരുന്നാല് കരാര്‍ നിരക്കിന്റെ 1.5 ഇരട്ടി പിഴ ലഭിക്കാനും വ്യവസ്ഥയുണ്ട്. കെഎസ്ഇബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പദ്ധതിക്ക് അംഗീകാരം നല്കി. കരാറിന്റെ കരട് രേഖയും തയാറായിട്ടുണ്ട്.
Business
മുംബൈ: ടാറ്റാ കണ്‍സൾട്ടൻസി സർവീസസ് 8900 എൻജിനിയർമാരുടെ ഒരു വലിയ ടീം രൂപീകരിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിൽ പുതിയ കന്പനികളെ ഏറ്റെടുക്കാനുമുള്ള തയാറെടുപ്പിൽ. ആർട്ടിഫിഷൽ ഇന്റലിജൻസ് തങ്ങളുടെ ഒൗട്ട്സോഴ്സിംഗ് ബിസിനസിനെ തകർക്കില്ലെന്നും പകരം പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കന്പനി വിശ്വസിക്കുന്നതെന്ന് ടിസിഎസിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ആശങ്കകൾക്കിടയിലാണ് ടിസിഎസിന്റെ ഈ പുതിയ നീക്കം പുറത്തുവരുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് കാരണം എൻജിനിയറിംഗ് ടീമുകളുടെ ആവശ്യം കുറയുമെന്നും, പ്രോജക്റ്റുകൾ തീർക്കാനുള്ള സമയപരിധി ചുരുങ്ങുമെന്നും, ഉത്പാദനക്ഷമതയിലുണ്ടാകുന്ന ലാഭത്തിന്റെ പങ്ക് ക്ലയന്റുകൾ ആവശ്യപ്പെടുന്നതോടെ പ്രോജക്ട് നിരക്കുകൾ കുറയുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു. ഇത് ഇന്ത്യയുടെ 315 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐടി സേവന വ്യവസായത്തെ ആകെ തകിടം മറിച്ചേക്കാമെന്നാണ് അവരുടെ ആശങ്ക. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ സേവന കന്പനിയാണ് ടിസിഎസ്.
“ഞങ്ങളുടെ ആകെ ജീവനക്കാരിൽ 1 % മുതൽ 1.5 % വരെ പേരെ എഫ്ഡിഇ (Forward-Deployed Engineers) എന്ന് വിളിക്കാവുന്ന റോളുകളിലേക്ക് മാറ്റാൻ ഞങ്ങൾ തയാറെടുക്കുകയാണ്,’’ ടിസിഎസ് സിഇഒ കെ. കൃതിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ജൂണ്‍ അവസാനത്തെ ടിസിഎസിന്റെ ആകെ ജീവനക്കാരുടെ എണ്ണം കണക്കിലെടുത്താൽ, കൃതിവാസൻ പറഞ്ഞ ശതമാനം ഏകദേശം 5,900 മുതൽ 8,900 വരെ ജീവനക്കാരായി മാറും. എന്നാൽ ഇതിനായി കന്പനി പുറത്തുനിന്ന് പുതിയ ആളുകളെ എടുക്കുമോ അതോ നിലവിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
മുംബൈ ആസ്ഥാനമായുള്ള ടിസിഎസ് വർഷങ്ങളായി ഏറ്റെടുക്കലുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വന്തം നിലയിലുള്ള വളർച്ചയെ മാത്രം ആശ്രയിച്ചിരുന്ന കന്പനി 2025 അവസാനത്തോടെ ആ നയം മാറ്റി. ഇതിന്റെ തുടർച്ചയായി എഐ, ഡാറ്റ സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ കന്പനികളെ ഏറ്റെടുക്കുന്ന കാര്യവും അവർ ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
“ഞങ്ങളുടെ തന്ത്രപരമായ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന അവസരങ്ങളാണ് ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്,’’ ടിസിഎസ് സിഎഫ്ഒ സമീർ സെക്സറിയ പറഞ്ഞു.
Business
മുംബൈ: ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുന്നതിന്റെ തെളിവായി ജൂണിലെ റീട്ടെയിൽ കണക്കുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ജൂണിൽ 3,06,220 ലക്ഷം ഇവികൾ വിറ്റു. കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 1,88,054 യൂണിറ്റുകളേക്കാൾ 63 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വാഹന വില്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ആദ്യമായി 12.5 ശതമാനത്തിലെത്തി.
കാറുകളിൽ പുതിയ ഉയരം
യാത്രാവാഹന വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങൾ പുതിയ ഉയരം കീഴടക്കി. 2025 ജൂണിനേക്കാൾ രണ്ടു മടങ്ങിലധികം വർധിച്ച് ഇത്തവണ 31,823 ഇലക്ട്രിക് കാറുകൾ വിറ്റഴിഞ്ഞത് പ്രതിമാസ റിക്കാർഡാണ്. മുൻ മാസത്തേക്കാൾ 19.3 ശതമാനവും കഴിഞ്ഞ വർഷം ജൂണിനേക്കാൾ 107.8 ശതമാനവും വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജൂണിൽ 15,318 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
മൊത്തം കാർവിപണിയുടെ ഏകദേശം 7.7 ശതമാനവും ഇപ്പോൾ ഇലക്ട്രിക് മോഡലുകളാണ്. മേയിൽ 6.6 ശതമാനത്തിലായിരുന്നു. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് മുൻതൂക്കം നിലനിർത്തുന്പോൾ മഹീന്ദ്ര, ജെഎസ്ഡള്യു എംജി മോട്ടോർ, ബിവൈഡി, വിൻഫാസ്റ്റ് തുടങ്ങിയ കന്പനികളും വിപണി വികസിപ്പിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ 10.6 %
ഈ വിഭാഗത്തിൽ 1.93 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിറ്റഴിഞ്ഞതോടെ ഇവി വിഹിതം ആദ്യമായി 10.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റി 1,10,719 യൂണിറ്റുകളേക്കാൾ 74.98 ശതമാനം വളർച്ചയാണ് ഈ ജൂണിലുണ്ടായത്.
മുച്ചക്ര വാഹനങ്ങളിൽ ഇലക്ട്രിക് ആധിപത്യം
ജൂണിൽ വിറ്റഴിച്ച മുച്ചക്ര വാഹനങ്ങളിൽ 64.1 ശതമാനവും ഇലക്ട്രിക്കായിരുന്നു. ജൂണിൽ 77,448 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ മാസം 60,802 യൂണിറ്റുകളാണ് വിറ്റത്. നഗരങ്ങളിലെ യാത്രാ- ചരക്ക് സേവനങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും ഉപയോഗം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.
വാണിജ്യ ഇലക്ട്രിക് വാഹന വില്പന ഉയർന്നു
വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 163.7 ശതമാനം വർധനയിൽ 3214 യൂണിറ്റിലെത്തി. മുൻ വർഷം ജൂണിൽ 1219 യൂണിറ്റുകളുടെ സ്ഥാനത്തുനിന്നാണ് ഈ വളർച്ച.
വാഹനമേഖലയുടെ പ്രതീക്ഷ
12.5% എന്നത് വെറും കണക്ക് മാത്രമല്ല. ഇന്ത്യൻ വാഹനവിപണി പെട്രോൾ, ഡീസൽ കേന്ദ്രീകൃത ഘട്ടത്തിൽനിന്ന് ബദൽ ഊർജ വഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് മുച്ചക്ര വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും വൈദ്യുതീകരണം അതിവേഗം മുന്നേറുന്പോൾ. ഇതോടെ 2030 ആകുന്നതോടെ 30% ഇവി വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
Business
ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-26 സാന്പത്തിക വർഷത്തേക്ക് ഇതുവരെ 1.7 കോടിയിലധികം ഐടി റിട്ടേണുകൾ സമർപ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിൽ 10 ലക്ഷത്തിലധികം അപേക്ഷകളും വെള്ളിയാഴ്ച മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് ആദായനികുതി വകുപ്പ് ഒൗദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യക്തമാക്കി.
അടുത്ത അസസ്മെന്റ് വർഷത്തേക്കുള്ള ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം റിട്ടേണുകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തൊഴിലിൽ നിന്ന് വരുമാനമുള്ളവർക്കും ചെറുകിട നികുതിദായകർക്കും ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ഫോമാണ് ഐടിആർ1 അഥവാ ’സഹജ്’.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ശന്പളം, ഒരു വീട്, 5,000 രൂപ വരെ കാർഷിക വരുമാനം എന്നിവയുള്ള വ്യക്തികൾക്കും സഹജ് ഫോം ഉപയോഗിക്കാം.
അതേസമയം, ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ലാഭമില്ലാത്തതും എന്നാൽ മൂധനലാഭം അഥവാ ക്യാപിറ്റൽ ഗെയിൻസ് ഉള്ളതുമായ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐടിആർ ഫയൽ ചെയ്യാനായി ഐടിആർ-2 ഫോം ഉപയോഗിക്കാം.
Business
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി ആന്‍ഡ് ഓങ്കോളജിയുടെ നേതൃത്വത്തില്‍ ഓറല്‍ ഓങ്കോളജിയില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
‘രോഗനിര്‍ണയം മുതല്‍ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകള്‍, ഗവേഷകര്‍, അക്കാദമീഷ്യന്മാര്, ട്രെയിനികള്‍ എന്നിവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മെഡ്സിറ്റി കേരള ക്ലസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ഇഎന്‍ടി, മാക്സിലോഫേഷ്യല്‍, ഡെന്റല്‍ എന്നിവയിലെ സര്ജന്മാര്, മെഡിക്കല്‍, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Business
വണ്ടൂർ: മലങ്കര സൊസൈറ്റിയുടെ 33-ാമത് ശാഖ വണ്ടൂരിൽ പ്രവർത്തനമാരംഭിച്ചു. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച് ആദ്യ നിക്ഷേപം സ്വീകരിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സിഇഒ പി. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 25,000 കോടി ടേണോവറുള്ള രാജ്യത്തെതന്നെ നന്പർ വണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറാനുള്ള പ്രയാണത്തിലാണു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെന്നും ഈ സാന്പത്തികവർഷം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 50 കസ്റ്റമർ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും സിഇഒ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈജു ചെന്പ്ര ആദ്യ ഗോൾഡ് ലോണും ഉമ്മർകുട്ടി ആദ്യ ഗ്രൂപ്പ് ലോണും കൈമാറി. സി.ടി. ചെറി, മുജീബ്, യൂസഫ് തെന്നാടൻ, മലങ്കര ക്രെഡിറ്റ് സൊസൈറ്റി എസ്ജിഎം വിജയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Business
ന്യൂഡൽഹി: കാലഹരണപ്പെട്ടതും പഴക്കം ചെന്നതുമായ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തെന്ന ഉപഭോക്തൃ പരാതികളെത്തുടർന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഒന്‍പത് നോട്ടീസുകൾ നൽകി.
രാജ്യത്തെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 2006ലെ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് നിയമങ്ങൾക്കു കീഴിൽ നിരവധി ലംഘനങ്ങളാണു നടത്തിയതെന്ന് ഉപഭോക്തൃ പരാതികളിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു.
Business
കൊച്ചി: മുൻനിര ആഭ്യന്തര, അന്താരാഷ്ട്ര ഏജൻസികളുടെ ക്രെഡിറ്റ് റേറ്റിംഗിൽ യെസ് ബാങ്കിനു നേട്ടം.
എസ്ആൻഡ്പി ഗ്ലോബൽ റേറ്റിംഗ്സിൽ യെസ് ബാങ്കിന് ആദ്യമായി ബിബി പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിംഗും സ്റ്റേബിൾ ഔട്ട്ലുക്കും നൽകി.
മൂഡീസ് റേറ്റിംഗ്സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബിഎ ടുവിൽനിന്ന് ബിഎ വൺ- സ്റ്റേബിളാക്കി ഉയർത്തിയിരുന്നു.
Business
മുംബൈ: ഇന്ത്യ ഓഹരിവിപണി ഇന്നലെ ശക്തമായ കുതിപ്പ് നടത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി പച്ചയിലെത്തുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടി ഓഹരികൾ എന്നിവയിലെ ഉയർന്ന വാങ്ങലുകളാണ് വിപണിക്കു കരുത്തായത്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവും. ഇന്ത്യൻ ഐടി രംഗത്തെ പ്രമുഖരായ ടിസിഎസ് ജൂണ്‍ പാദത്തിലെ അറ്റാദായത്തിൽ വർധന രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐടി ഓഹരികൾ രണ്ടു ശതമാനത്തിനടുത്താണ് മുന്നേറിയത്.
സെൻസെക്സ് 828 പോയിന്റ്് ഉയർന്ന് 77,569ലും നിഫ്റ്റി 244 പോയിന്റ് മുന്നേറി 24,206ലും ക്ലോസ് ചെയ്തു. ഇന്നലെ ഒറ്റ ദിവസത്തെ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂല്യത്തിലേക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയ്ക്കടുത്തെത്തി. ആകെ വിപണിമൂല്യം 482 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 1.40 ശതമാനവും 1.55 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഒഴികെ മറ്റെല്ലായിടത്തിലും മുന്നേറ്റമായിരുന്നു. നിഫ്റ്റി റിയൽറ്റി, പൊതുമേഖലാ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിലാണ് ഉയർന്നത്. പ്രൈവറ്റ് ബാങ്ക്, മെറ്റൽ, ഫിനാൻഷൽ സർവീസസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
പ്രമുഖ ജൂവലറി ശൃംഖല കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരികളിൽ തുടർച്ചയായ മൂന്നാം ദിവസവും വന്പൻ മുന്നേറ്റം. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ച വേളയിൽ കല്യാണ്‍ ജൂവലേഴ്സ് ഓഹരികൾ 9 ശതമാനത്തിലേറെ കുതിച്ചുയർന്ന് എൻഎസ്ഇയിൽ 483.40 രൂപ വരെ എത്തിച്ചേർന്നു.
വ്യാപാരം അവസാനിക്കുന്പോൾ ഏഴു ശതമാനത്തിലേറെ മുന്ന് ഒരു ഓഹരിക്ക് 476 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 36 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ കുറിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ആകെ നേട്ടം 41 ശതമാനത്തിനു മുകളിലായി.ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യം 49,000 കോടിയിലേറെ രൂപയായും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കല്യാണ്‍ ജൂവലേഴ്സിന്റെ വിപണിമൂല്യത്തിൽ ഏകദേശം 12,000 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേട്ടത്തിനു കാരണങ്ങൾ
ജൂണ്‍ പാദത്തിൽ കന്പനിയുടെ ഇന്ത്യൻ ബിസിനസ് വരുമാനത്തിൽ മുൻ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 38 ശതമാനം വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ വിപണിയിലെ ഒരേ സ്റ്റോറുകളിൽ നിന്നുള്ള വിൽപ്പന വളർച്ച ഏകദേശം 28 % രേഖപ്പെടുത്തി.
കന്പനിയുടെ അന്താരാഷ്ട്ര ബിസിനസ് വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 35 % വളർച്ചയുണ്ടായി. പശ്ചിമേഷ്യൻ മേഖലയിൽ മാത്രം, 2027 സാന്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഏകദേശം 30 % വരുമാന വളർച്ച കൈവരിക്കാൻ കന്പനിക്ക് സാധിച്ചു. ഈ പ്രദേശത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഏപ്രിൽ മാസത്തിൽ ഉപഭോക്താക്കളുടെ വരവിൽ കുറവുണ്ടായെങ്കിലും, ഒരേ സ്റ്റോറുകളിൽ നിന്നുള്ള മികച്ച വിൽപ്പന വളർച്ചയാണ് ഈ മുന്നേറ്റത്തിന് കരുത്തേകിയത്.
കന്പനിയുടെ ആകെ സംയോജിത വരുമാനത്തിലേക്ക് അന്താരാഷ്ട്ര വിപണികൾ ഏകദേശം 14% സംഭാവന നൽകി.
കന്പനിയുടെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ ‘കാൻഡറെ’ (Candere), 2027 സാന്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 112 % വരുമാന വളർച്ച രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിൽ കന്പനി ഇന്ത്യയിലുടനീളം 12 കല്യാണ്‍ ഷോറൂമുകളും 5 കാൻഡറെ ഷോറൂമുകളും ആരംഭിച്ചു. 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലുമായി കന്പനിയുടെ ആകെ ഷോറൂമുകളുടെ എണ്ണം 524 ആണ്.
Business
മുംബൈ: അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ്ഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ മ്യൂച്ചൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം വർധിച്ചു.
മേയ് മാസത്തിലെ 22,908 കോടി രൂപയിൽ നിന്ന് ജൂണിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 26.5 ശതമാനം വർധിച്ച് 28,973 കോടി രൂപയിലെത്തി. ജൂണ്‍ മാസത്തിൽ നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത് മിഡ്-കാപ് ഫണ്ടുകളാണ്; 6,090 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ എത്തിയത്.
സ്മോൾ-കാപ് ഫണ്ടുകൾ 5,602 കോടി രൂപയുടെ നിക്ഷേപവുമായി തൊട്ടുപിന്നാലെയുണ്ട്. അതേസമയം ഫ്ലെക്സി-കാപ് ഫണ്ടുകൾക്ക് 5,231 കോടി രൂപ ലഭിച്ചു. ലാർജ് ആൻഡ് മിഡ്-കാപ് ഫണ്ടുകളിൽ 4,321 കോടി രൂപയുടെയും മൾട്ടി-കാപ് ഫണ്ടുകളിൽ 3,070 കോടി രൂപയുടെയും നിക്ഷേപം വന്നു.
നിക്ഷേപത്തിൽ തിരിച്ചുവരവുണ്ടായെങ്കിലും, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ നിരക്കുകളിലും താഴെയാണിത്. മാർച്ചിൽ 40,000 കോടി രൂപയ്ക്കും ഏപ്രിലിൽ 38,000 കോടി രൂപയ്ക്കും മുകളിലാണ് നിക്ഷേപം നടന്നത്. ഇക്വിറ്റി സ്കീമുകളുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) മേയ് മാസത്തിലെ 36.14 ലക്ഷം കോടി രൂപയിൽ നിന്ന് ജൂണിൽ 37.34 ലക്ഷം കോടി രൂപയായി ഉയർന്നു. ഹൈബ്രിഡ് ഫണ്ടുകളിലും ഉയർന്ന നിക്ഷേപം എത്തിച്ചേർന്നു.
Business
കോട്ടയം: രാജ്യത്ത് ഇ20 (20ശതമാനം എഥനോള്‍) പെട്രോള്‍ പൂര്‍ണതോതില്‍ നടപ്പാക്കിയതിനു പിന്നാലെ വാഹനങ്ങളുടെ സുരക്ഷ, മൈലേജ്, ദീര്‍ഘകാല വിശ്വാസ്യത എന്നിവയെച്ചൊല്ലിയ വിവാദം കൂടുതല്‍ ശക്തമാകുന്നു.
ഇ10 നിലവാരത്തിനായി രൂപകല്പന ചെയ്ത പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുന്നത് റബര്‍ ഹോസുകള്‍, സീലുകള്‍, ഒ-റിംഗുകള്‍, ഗാസ്കറ്റുകള്‍, ചില ഫ്യൂവല്‍ ലൈന്‍ ഘടകങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാല തേയ്മാനത്തിന് ഇടയാക്കാമെന്നും ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഓട്ടോമോറ്റീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എആർഎഐ)യുടെ പരീക്ഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
400 മുതല്‍ 806 മണിക്കൂര്‍ വരെ എന്ജിന് ഡ്യൂറബിലിറ്റി പരീക്ഷണങ്ങളാണ് ഇതിനായി നടത്തിയത്. അതേസമയം, ഇരുചക്ര വാഹനങ്ങളില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ രാജ്യത്തുടനീളമുള്ള വാഹന ഉടമകള്‍ക്കിടയില്‍ ആശങ്കയും ചര്‍ച്ചയും ശക്തമായി. ഇ20 കാരണം മൈലേജ് കുറയുമോ, പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കൂടുമോ, ഇന്ധന സംവിധാനത്തിന്റെ ആയുസ് കുറയുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് ഇ20 നയത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും നീതി ആയോഗിന്റെ എഥനോള്‍ റോഡ്മാപ്പിനുള്ള നിര്‍ദേശത്തില്‍ ഒരു പ്രധാന മുന്നറിയിപ്പും നല്‍കിയിരുന്നു. ഇ20 ഉപയോഗിക്കുമ്പോള്‍ ഇന്ധനക്ഷമതയില്‍ ഏകദേശം ആറ് ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്നും നിലവിലുള്ള ഇ10 വാഹനങ്ങളെ സംരക്ഷിക്കാന്‍ ഇ10 പെട്രോള്‍ സംരക്ഷണ ഗ്രേഡ് ഇന്ധനമായി ഇ20-നൊപ്പം ലഭ്യമാക്കണം എന്നുമാണു സംഘടന ശിപാര്‍ശ ചെയ്തത്.
ഇ10 പെട്ടെന്ന് പിന്‍വലിച്ചാല്‍ പഴയ വാഹനങ്ങള്‍ക്ക് മെറ്റീരിയല്‍ കംപാറ്റിബിലിറ്റിയിലും എന്ജിന് കാലിബ്രേഷനിലും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും മൈലേജ്, ഡ്രൈവബിലിറ്റി, ദീര്‍ഘകാല ഡ്യൂറബിലിറ്റി എന്നിവയെ ബാധിക്കാമെന്നും വാഹന നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സമീപകാലത്ത് സംഘടനയും വാഹന നിര്‍മാതാക്കളും നടത്തിയ വര്‍ഷങ്ങളായുള്ള പരീക്ഷണങ്ങളിലും സര്‍വീസ് ഡാറ്റയിലും ഇ20 മൂലമുള്ള വ്യാപക വാഹന തകരാറുകള്‍ക്ക് തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനൊപ്പമുള്ള വിശദീകരണത്തില്‍ ആവര്‍ത്തിച്ചു.
പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി ഇ20യുമായി ബന്ധമുണ്ടോ?
വാഹനങ്ങളിലെ ചില പ്രത്യേക പ്ലാസ്റ്റിക് പാര്‍ട്ടുകള്‍ക്ക് വാറന്റി നിരക്ക് ഈടാക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെ ഇത് ഇ20 പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണോ എന്ന ആശങ്ക ചില വാഹന ഉടമകള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍, വാറന്റി വ്യവസ്ഥയില്‍ നിര്‍മാതാക്കളുടെ വാണിജ്യനയത്തിന്റെ ഭാഗമായിട്ടുള്ള നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്നും പ്ലാസ്റ്റിക് പാര്‍ട്ടുകളുടെ വാറന്റി നിരക്ക് ഈടാക്കുന്നതില്‍ ഇ20യുമായി ബന്ധമില്ലെന്നാണു ചില വാഹന ഡീലര്‍മാര്‍ നല്കുന്ന വിശദീകരണം.
Business
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എഥനോള്‍ ഉത്പാദകരായ അമേരിക്കയില്‍ പത്തു ശതമാനം മാത്രം എഥനോള്‍ കലര്‍ത്തിയ ഇ10 ഗ്യാസോലിന്‍ ആണു രാജ്യവ്യാപകമായി ഉപയോഗിക്കുന്നത്.
സാവധാനം ഇ15ന്റെ ഉപയോഗവും വളരുന്നുണ്ട്. അമേരിക്കയിലെ 80 ശതമാനത്തിലേറെ വാഹനങ്ങള്‍ എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഫ്ളെക്സ്-ഇന്ധന സാങ്കേതികവിദ്യകൊണ്ടു സജ്ജീകരിച്ചവയാണ്. ശുദ്ധമായ ഹൈഡ്രസ് എഥനോള്‍ (ഇ100) ഉപയോഗിക്കുന്ന വാഹനങ്ങളും അമേരിക്കയിലുണ്ട്.
ആഗോളതലത്തില്‍ എഥനോള്‍ ഉത്പാദനത്തില്‍ രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ 27 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ27 പെട്രോളാണ് ഉപയോഗിക്കുന്നത്. പുതിയ കാറുകളില്‍ 80 ശതമാനവും ഫ്ളെക്സ്-ഇന്ധനത്തിനു യോജ്യമാണ്. ലോകത്തെ എഥനോള്‍ ഉത്പാദന- വിതരണത്തിന്റെ 80 ശതമാനവും കൈയടക്കിയിരിക്കുന്നത് അമേരിക്കയും ബ്രസീലുമാണ്.
ഇന്ത്യയാണു ലോകത്തിലെ മൂന്നാമത്തെ വലിയ എഥനോള്‍ ഉത്പാദകര്‍. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ കരിമ്പ് ഫാക്ടറികളിലെ പഞ്ചസാര ഉത്പാദനത്തിന്റെ പ്രധാന ബാക്കിപത്രമായാണു എഥനോള്‍ ഉത്പാദനം. ചൈന, ജര്‍മനി, തായ്ലന്ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും എഥനോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
യുപി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി 450ലേറെ വലിയ പഞ്ചസാര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചു കോടി കരിമ്പുകര്‍ഷകര്‍ രാജ്യത്തുണ്ടെന്നാണു കണക്ക്.
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ കുടുംബാംഗങ്ങളടക്കം രാജ്യത്തെ പ്രബലര്ക്കു സ്വന്തം പഞ്ചസാര ഫാക്ടറികളുണ്ട്. എഥനോള്‍ ഉണ്ടാക്കുന്ന കരിമ്പ്, ചോളം കൃഷികള്‍ക്കു വലിയതോതില്‍ വെള്ളം ഉപയോഗിക്കേണ്ടിവരുന്നതിലും ആശങ്കകളുണ്ട്.
Business
ന്യൂഡല്‍ഹി: ദേശീയശ്രദ്ധ നേടിയ തമിഴ്നാട്ടിലെ രാമര്‍ പെട്രോള്‍ തട്ടിപ്പിന് 30 വര്‍ഷം. 1996ല്‍ ഔഷധ ഇന്ധനം (രാമര്‍ ബയോ-ഫ്യുവല്‍) എന്നവകാശപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് 2.27 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രാമര്പിള്ളയ്ക്കെതിരേ സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ രാമറിനെ മൂന്നു വര്‍ഷത്തെ തടവിനും 30,000 രൂപ പിഴയ്ക്കും സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ രാജപാളയത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നുള്ള പി. രാമര്പിള്ളയാണു ബദല്‍ ഇന്ധനം അവതരിപ്പിച്ച് വര്‍ഷങ്ങളോളം പൊതുജനങ്ങളെ കബളിപ്പിച്ചത്. രഹസ്യ ഔഷധങ്ങളുടെ പ്രത്യേക മിശ്രിതം, ഉപ്പ്, സിട്രിക് ആസിഡ് തുടങ്ങിയ സാധാരണ ചേരുവകളുമായി അര മണിക്കൂര്‍ തിളപ്പിച്ചപ്പോള്‍ ഇന്ധനം ഉത്പാദിപ്പിക്കപ്പെട്ടുവെന്നാണ് 1996ല്‍ രാമര്‍പിള്ള അവകാശപ്പെട്ടത്.
ഇന്ധനക്ഷാമത്തിനും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും പരിഹാരം കണ്ടുപിടിച്ചയാളെന്ന നിലയില്‍ രാമര്‍ ദേശീയ, ആഗോള പ്രശസ്തി നേടി. മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയനേതാക്കളെ കാണാനും അവസരം ലഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണശാലകളില്‍ തന്റെ രാസപ്രക്രിയ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നുവരെ രാമര്‍ അവകാശപ്പെട്ടു.
എണ്ണശുദ്ധീകരണ ശാലകളിലെയും വിതരണ കമ്പനികളിലെയും ചിലരുമായി ചേര്‍ന്നു ബെന്‍സീന്‍, ടൗലീന് തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ചേര്‍ത്തു ഹെര്‍ബല്‍ പെട്രോളായി രാമര്‍പിള്ള വില്‍ക്കുകയായിരുന്നുവെന്ന് ചെന്നൈയിലെ രാമറിന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്തശേഷം അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഡി. മുഖര്‍ജി വിശദീകരിച്ചു. ഹൈഡ്രോകാര്‍ബണുകള്‍ ചേര്‍ത്ത മിശ്രിതമാണ് ബയോ ഇന്ധനമായി അവതരിപ്പിച്ചത്. നിരോധിച്ചിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നു ഹെര്‍ബല്‍ ഇന്ധനം.
പൊതുജനങ്ങളെ വഞ്ചിച്ചു പണം തട്ടിയതിന് സിബിഐ അറസ്റ്റ് ചെയ്ത രാമര്‍പിള്ളയും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്, എസ്.കെ. ഭരത് എന്നിവരും കുറ്റക്കാരാണെന്ന് ചെന്നൈ എഗ്മോറിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കണ്ടെത്തി. വഞ്ചനയിലൂടെ 2.27 കോടി രൂപ തട്ടിയതിന് മൂന്നു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാമര്‍പിള്ള വീണ്ടും 2000ല്‍ മറ്റൊരു ഇന്ധനം കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചെന്നൈയില്‍ പത്രസമ്മേളനം നടത്തി. വേലാര്‍ ബയോ-ഹൈഡ്രോകാര്‍ബണ്‍ ഇന്ധനം എന്നുപേരിട്ട ഇതും മറ്റൊരു തട്ടിപ്പാണെന്നു സംശയമുയര്‍ന്നതോടെ വില്‍പ്പന നടന്നില്ല.
Business
മുംബൈ: ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ലിഥിയം-അയണ്‍ ബാറ്ററികൾ, സ്മാർട്ട്ഫോണ്‍ വയർലെസ് ചാർജിംഗ് സിസ്റ്റങ്ങൾ, ഡിസ്പ്ലേ അസംബ്ലികൾ, ഇൻഡക്ടർ കോയിൽ മൊഡ്യൂളുകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന നിരവധി പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി (ഇറക്കുമതി തീരുവ) ഇളവുകൾ കേന്ദ്ര സർക്കാർ നീട്ടി.
ഇലക്ട്രോണിക്സ് നിർമാണത്തിനാവശ്യമായ യന്ത്രസാമഗ്രികൾക്കും ഘടകങ്ങൾക്കും നല്‍കിവരുന്ന കസ്റ്റംസ് തീരുവ ഇളവുകൾ 2029 മാർച്ച് 31 വരെ നീട്ടിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഈ ഇളവുകൾ ഉടനടി പ്രാബല്യത്തിൽ വരും. നികുതിയിളവ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയുണ്ട്.
ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ അസംബ്ലികളുടെ നിർമാതാക്കൾക്കാണ് ഈ ഇളവു കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക. ഈ ഉത്പന്നങ്ങളുടെ നിർമാണത്തിനായി ഇറക്കുമതി ചെയ്യുന്ന ഡിസ്പ്ലേ സെല്ലുകൾ, ബാക്ക്ലൈറ്റ് യൂണിറ്റുകൾ, ഫ്ലെക്സിബിൾ പ്രിന്റഡ് സർക്യൂട്ട് അസംബ്ലികൾ, ഫ്രെയിമുകൾ, അനൈസോട്രോപിക് കണ്ടക്ടീവ് ഫിലിം തുടങ്ങിയ പ്രധാന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് മീറ്ററുകൾ അല്ലെങ്കിൽ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ എന്നിവയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള ഡിസ്പ്ലേ അസംബ്ലികൾക്ക് ഈ നികുതിയിളവ് ബാധകമല്ല.
സ്മാർട്ട്ഫോണുകളുടെ വയർലെസ് ചാർജിംഗ് മോഡ്യുളുകളിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളും സർക്കാർ നീട്ടിയിട്ടുണ്ട്. നാനോ-ക്രിസ്റ്റലിൻ അസംബ്ലികൾ, ഇ-ഷീൽഡുകൾ, പിഇടി ലൈനറുകൾ, പിസി ഷിമ്മുകൾ, കോയിലുകൾ, നിയോഡിമിയം അയണ്‍ ബോറോണ്‍ കാന്തങ്ങൾ തുടങ്ങിയ എൻഎഫ്സി, ഇൻഡക്ടർ കോയിൽ എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇളവുകൾ നൽകിയിട്ടുള്ള ഘടകങ്ങളുടെ കാര്യത്തിൽ കൃത്യത ഉറപ്പാക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഇവയ്ക്ക് സാങ്കേതിക നിർവചനങ്ങളും നൽകിയിട്ടുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററി നിർമാണത്തിനായി കുറഞ്ഞ നികുതിയിളവിന് അർഹതയുള്ള യന്ത്രസാമഗ്രികളുടെ പട്ടിക കേന്ദ്ര സർക്കാർ വിപുലീകരിച്ചു. പരിഷ്കരിച്ച വിജ്ഞാപന പ്രകാരം ഇപ്പോൾ 85 വിഭാഗങ്ങളിൽപ്പെട്ട ഉപകരണങ്ങൾക്ക് ഈ ഇളവ് ലഭിക്കും. അസംസ്കൃത വസ്തുക്കൾ മിക്സ് ചെയ്യുന്നത് മുതൽ കോട്ടിംഗ്, വെൽഡിംഗ്, ടെസ്റ്റിംഗ്, ഇൻസ്പെക്ഷൻ, പാക്കേജിംഗ് വരെയുള്ള ഏതാണ്ട് മുഴുവൻ ബാറ്ററി ഉത്പാദന പ്രക്രിയകളും ഇതിൽ ഉൾപ്പെടുന്നു.
Business
കൊച്ചി: രാജ്യത്തെ ഉപഭോക്തൃ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ബ്രാന്‍ഡായ വി ഗാര്‍ഡ്, രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടര്‍ ഹീറ്റര്‍ ശ്രേണിയായ അരിസോ വിപണിയിലെത്തിച്ചു.
സ്ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫന്‍ഡ് ബ്ലാക്ക് ഗ്ലാസില്‍ നിര്‍മിച്ച മിഡ്നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാര്‍ വഴി തത്സമയം അറിയിക്കുന്ന സ്മാര്‍ട്ട് ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ സംവിധാനവും ഇതിലുണ്ട്.
ഡിജിറ്റല്‍ (ഡിജി) മോഡലുകളില്‍ ഗ്ലാസിനു കീഴില്‍ ഫ്ലഷ്-എംബെഡഡ് ഡിസ്പ്ലേയും തെരഞ്ഞെടുത്ത മോഡലുകളില്‍ റിമോട്ട് കണ്ട്രോള് സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Business
തിരുവനന്തപുരം: മാരിടൈം ബിസിനസ് ബുള്ളറ്റിന്റെയും വേൾഡ് മലയാളി കൗണ്‍സിൽ ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ- 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ എക്സിബിഷൻ സംഘടിപ്പിക്കും.
15 ന് രാവിലെ ഒന്‍പതു മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തന്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പതുമുതൽ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.
ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും ദേശീയ അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും.
Business
കൊച്ചി: ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ഗോകുലം കണ്വന്ഷന് സെന്ററില്‍ കമ്പനീസ് ആക്ട് 2013 ഏകദിന സെമിനാര്‍ നടത്തി.
കേരള ആൻഡ് ലക്ഷദ്വീപ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അനു വിവേക് ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യ ശക്തമായെങ്കിലും പ്രഫഷണല്‍ വിലയിരുത്തലിനും സംശയാത്മക സമീപനത്തിനും പകരമാകില്ലെന്നും അതിനാല്‍ പ്രഫഷണലുകളുടെ പ്രാധാന്യം കൂടുതല്‍ ഉയരുകയാണെന്നും അനു വിവേക് പറഞ്ഞു.
Business
കൊച്ചി: ഒന്നാംനിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സ്ഥാപനം സെയില്സ്ഫോഴ്സിന്റെ വരുമാനത്തില്‍ 47 ശതമാനം വളര്‍ച്ച.
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ കമ്പനിയുടെ വരുമാനം ഉയര്‍ന്ന് 13,384 കോടിയിലെത്തി.
ഇന്ത്യന്‍ സംരംഭകര്‍ക്കിടയില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ ഏറ്റവും വിശ്വസ്തരായി എന്നതാണ് സെയില്സ്ഫോഴ്സിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.